Saturday, January 1, 2011

ദൈവപ്പാതി

തൂങ്ങിനില്‍ക്കുന്നു മുന്തിരിപ്പഴക്കുല
മോളിലാണേറെ ചാടിയാല്‍ക്കിടയ്ക്കുമോ?

ദൂരെനിന്നേ ഞാനതു കണ്ടതാണേതായാലും
ചാടിനോക്കുക തന്നെ, 
കിട്ടിയില്ലെങ്കില്‍ വേണ്ട, പോട്ടെ
അല്ലെങ്കില്‍ 
പൊട്ടയാണതെന്നോര്‍ത്ത്
കൈവീശി നടന്നാലോ?

കൊമ്പു ചായ്ക്കുവാന്‍പോലും മാര്‍ഗ്ഗമില്ലേറേ വട്ടം
കല്ലെടുത്തെറിഞ്ഞിട്ടും കൊണ്ടതില്ലതിലൊന്നും
കയറാനെളുപ്പമായിരിക്കാം അതുപോലെ
ഇറങ്ങാനെളുപ്പമല്ലെന്നു ഞാനറിയുന്നു.

എങ്കിലും വിട്ടിട്ടെങ്ങു പോകുവാന്‍ ഞാനീ കുല
മുന്തിരിച്ചോട്ടില്‍ത്തന്നെ താഴ്മയായിരുന്നേയ്ക്കാം
ഈശ്വരകാരുണ്യത്താല്‍ ഇപ്പൊഴാ കുലപൊട്ടി
താഴെയെന്‍ മുന്നില്‍ വീണു കിട്ടിയാല്‍, സുനിശ്ചയം
പാതി ഞാന്‍ ദൈവത്തിന്നു നേര്‍ച്ച നല്‍കിടും, ബാക്കി
പാതി ഞാന്‍ ശാപ്പിട്ടെന്തു രസമാണിളങ്കാറ്റു-
മേറ്റുറങ്ങുവാന്‍...

ആയതിനാല്‍,
ഈ കുലമുന്തിരിപ്പഴം നോക്കി
വായയും തുറന്നുഞാന്‍
എത്രയും ഇരുന്നിടാം

അല്ലിതെന്തത്യത്ഭുതം! കുലപൊട്ടിയോ? വന്നു
വീണല്ലോ മുന്നില്‍ നല്ല മുന്തിരിപ്പഴം എന്തു
ചന്തമാണയ്യാ! കണ്ണുചിന്നുന്നു, ഇതില്‍പ്പാതി
പോകണം! വിശപ്പാറ്റാന്‍ പാതിമാത്രമേയുള്ളൂ

ചെന്നെടുത്തൊരെണ്ണം ഞാന്‍ കടിച്ചൂ കൊതിയോടെ
പല്ലുകള്‍ പുളിപ്പുകൊണ്ടല്ലയോ പൊളിയുന്നു !

5 comments:

naakila said...

മികച്ച കവിതകള്‍ വായിക്കാന്‍ കഴിഞ്ഞു
പുതുവത്സരാശംസകള്‍

veliyan said...
This comment has been removed by the author.
veliyan said...

പുളിപ്പിച്ച് വീഞ്ഞാക്കി മോന്തെടോ മത്താവോളം
പാതി ദൈവത്തിനല്ല, കൂട്ടാളി എനിക്കേകൂ.

കെ ആര്‍ ടോണി said...

ok thank u

ഒരില വെറുതെ said...

പുളിപ്പുള്ള കവിത. മധുര മനോജ്ഞ ലോകത്തിന് അങ്ങിനെ വേണം.