ഹലോ, ഇപ്പോള്‍ കാണപ്പെടാറില്ല
ഇല്ല, പെടാറില്ല
എന്തു ചെയ്യുന്നു?
ഞാന്‍ വലിയ വലിയ കവിതകളെഴുതാറുണ്ട്
ശരിക്കും കവിതയുള്ള കവിതയാണോ?
കവിതയില്ലാത്ത കവിതയുണ്ടോ?
എന്നൊരഭിപ്രായം
എനിക്കങ്ങനെയഭിപ്രായമില്ല
നിന്റെ അഭിപ്രായത്തോട് എനിക്കുമഭിപ്രായമില്ല
അത് അഭിപ്രായത്തിന്റെ പ്രശ്നം
നിന്റേത് പ്രായത്തിന്റെ പ്രശ്നം
പ്രായത്തിനനുസരിച്ചേ അഭിപ്രായം
അത് നിന്റെ അഭിപ്രായം
നിന്റെ അഭിപ്രായമോ?
എനിക്ക് അഭിപ്രായമില്ലെന്നു പറഞ്ഞില്ലേ?
നിന്റെ അഭിപ്രായത്തോട് എനിക്കും അഭിപ്രായമില്ലെന്നു പറഞ്ഞില്ലേ?
അതു നിന്റെ പ്രായത്തിന്റെ പ്രശ്നം
എന്റേത് അഭിപ്രായത്തിന്റെ പ്രശ്നം
കൊണ്ടുചുട് നിന്റെ അഭിപ്രായം
നമുക്കു പിരിയാം
നാം പിരിഞ്ഞുതന്നെയല്ലേ?
നിന്റെ കാര്യം പറഞ്ഞാല്‍മതി
അതിലെനിക്കഭിപ്രായമില്ല
നീയെന്താണു പറയുന്നത്?
ഞാനെന്റെ അഭിപ്രായം
പിന്നെ നീയെന്റെ അഭിപ്രായമാണോ?
നിന്റെ മൂല്യബോധത്തില്‍ എനിക്കഭിപ്രായമില്ല
നിന്റെ നീതിബോധത്തില്‍ എനിക്കും
നിന്റെ പ്രതിബദ്ധതയില്‍
നിന്റെ സാമൂഹ്യപരതയില്‍ എനിക്കും
നിന്റെ ദാര്‍ശനികതയില്‍
നിന്റെ ധൈഷണികതയിലും
നിന്റെ സൗന്ദര്യാത്മകതയില്‍
നിന്റെ സംവേദനത്തിലും
നിന്റെ ആദര്‍ശാത്മകതയില്‍
നിന്റെ വിപ്ലവാത്മകതയിലും
നിന്റെ.. നിന്നില്‍ത്തന്നെ എനിക്കു വിശ്വാസമില്ല
എനിക്കുതന്നെയില്ല എന്നില്‍ വിശ്വാസം
എനിക്ക് എന്നിലുമില്ല
എനിക്കുമില്ല നിന്നില്‍
എങ്കിലും നമ്മള്‍ പുരോഗമിക്കുന്നു
സ്വന്തം കാര്യം പറഞ്ഞാല്‍ മതി
അതിലെനിക്കഭിപ്രായമില്ല
നിര്‍ത്ത്
എന്താ?
നമുക്കു പ്രായമാവുന്നു
നന്ദി
സ്വാഗതം.
No comments:
Post a Comment