Saturday, January 1, 2011

ദൈവപ്പാതി

തൂങ്ങിനില്‍ക്കുന്നു മുന്തിരിപ്പഴക്കുല
മോളിലാണേറെ ചാടിയാല്‍ക്കിടയ്ക്കുമോ?

ദൂരെനിന്നേ ഞാനതു കണ്ടതാണേതായാലും
ചാടിനോക്കുക തന്നെ, 
കിട്ടിയില്ലെങ്കില്‍ വേണ്ട, പോട്ടെ
അല്ലെങ്കില്‍ 
പൊട്ടയാണതെന്നോര്‍ത്ത്
കൈവീശി നടന്നാലോ?

കൊമ്പു ചായ്ക്കുവാന്‍പോലും മാര്‍ഗ്ഗമില്ലേറേ വട്ടം
കല്ലെടുത്തെറിഞ്ഞിട്ടും കൊണ്ടതില്ലതിലൊന്നും
കയറാനെളുപ്പമായിരിക്കാം അതുപോലെ
ഇറങ്ങാനെളുപ്പമല്ലെന്നു ഞാനറിയുന്നു.

എങ്കിലും വിട്ടിട്ടെങ്ങു പോകുവാന്‍ ഞാനീ കുല
മുന്തിരിച്ചോട്ടില്‍ത്തന്നെ താഴ്മയായിരുന്നേയ്ക്കാം
ഈശ്വരകാരുണ്യത്താല്‍ ഇപ്പൊഴാ കുലപൊട്ടി
താഴെയെന്‍ മുന്നില്‍ വീണു കിട്ടിയാല്‍, സുനിശ്ചയം
പാതി ഞാന്‍ ദൈവത്തിന്നു നേര്‍ച്ച നല്‍കിടും, ബാക്കി
പാതി ഞാന്‍ ശാപ്പിട്ടെന്തു രസമാണിളങ്കാറ്റു-
മേറ്റുറങ്ങുവാന്‍...

ആയതിനാല്‍,
ഈ കുലമുന്തിരിപ്പഴം നോക്കി
വായയും തുറന്നുഞാന്‍
എത്രയും ഇരുന്നിടാം

അല്ലിതെന്തത്യത്ഭുതം! കുലപൊട്ടിയോ? വന്നു
വീണല്ലോ മുന്നില്‍ നല്ല മുന്തിരിപ്പഴം എന്തു
ചന്തമാണയ്യാ! കണ്ണുചിന്നുന്നു, ഇതില്‍പ്പാതി
പോകണം! വിശപ്പാറ്റാന്‍ പാതിമാത്രമേയുള്ളൂ

ചെന്നെടുത്തൊരെണ്ണം ഞാന്‍ കടിച്ചൂ കൊതിയോടെ
പല്ലുകള്‍ പുളിപ്പുകൊണ്ടല്ലയോ പൊളിയുന്നു !

അഭി - പ്രായം

ഹലോ, ഇപ്പോള്‍ കാണപ്പെടാറില്ല
ഇല്ല, പെടാറില്ല
എന്തു ചെയ്യുന്നു?
ഞാന്‍ വലിയ വലിയ കവിതകളെഴുതാറുണ്ട്‌
ശരിക്കും കവിതയുള്ള കവിതയാണോ?
കവിതയില്ലാത്ത കവിതയുണ്ടോ?
എന്നൊരഭിപ്രായം
എനിക്കങ്ങനെയഭിപ്രായമില്ല
നിന്റെ അഭിപ്രായത്തോട്‌ എനിക്കുമഭിപ്രായമില്ല
അത്‌ അഭിപ്രായത്തിന്റെ പ്രശ്നം
നിന്റേത്‌ പ്രായത്തിന്റെ പ്രശ്നം
പ്രായത്തിനനുസരിച്ചേ അഭിപ്രായം
അത്‌ നിന്റെ അഭിപ്രായം
നിന്റെ അഭിപ്രായമോ?
എനിക്ക്‌ അഭിപ്രായമില്ലെന്നു പറഞ്ഞില്ലേ?
നിന്റെ അഭിപ്രായത്തോട്‌ എനിക്കും അഭിപ്രായമില്ലെന്നു പറഞ്ഞില്ലേ?
അതു നിന്റെ പ്രായത്തിന്റെ പ്രശ്നം
എന്റേത്‌ അഭിപ്രായത്തിന്റെ പ്രശ്നം
കൊണ്ടുചുട്‌ നിന്റെ അഭിപ്രായം
നമുക്കു പിരിയാം
നാം പിരിഞ്ഞുതന്നെയല്ലേ?
നിന്റെ കാര്യം പറഞ്ഞാല്‍മതി
അതിലെനിക്കഭിപ്രായമില്ല
നീയെന്താണു പറയുന്നത്‌?
ഞാനെന്റെ അഭിപ്രായം
പിന്നെ നീയെന്റെ അഭിപ്രായമാണോ?
നിന്റെ മൂല്യബോധത്തില്‍ എനിക്കഭിപ്രായമില്ല
നിന്റെ നീതിബോധത്തില്‍ എനിക്കും
നിന്റെ പ്രതിബദ്ധതയില്‍
നിന്റെ സാമൂഹ്യപരതയില്‍ എനിക്കും
നിന്റെ ദാര്‍ശനികതയില്‍
നിന്റെ ധൈഷണികതയിലും
നിന്റെ സൗന്ദര്യാത്മകതയില്‍
നിന്റെ സംവേദനത്തിലും
നിന്റെ ആദര്‍ശാത്മകതയില്‍
നിന്റെ വിപ്ലവാത്മകതയിലും
നിന്റെ.. നിന്നില്‍ത്തന്നെ എനിക്കു വിശ്വാസമില്ല
എനിക്കുതന്നെയില്ല എന്നില്‍ വിശ്വാസം
എനിക്ക്‌ എന്നിലുമില്ല
എനിക്കുമില്ല നിന്നില്‍
എങ്കിലും നമ്മള്‍ പുരോഗമിക്കുന്നു
സ്വന്തം കാര്യം പറഞ്ഞാല്‍ മതി
അതിലെനിക്കഭിപ്രായമില്ല
നിര്‍ത്ത്‌
എന്താ?
നമുക്കു പ്രായമാവുന്നു
നന്ദി
സ്വാഗതം.

അദ്ദേഹം

പിരിയന്‍ഗോവണി കയറുമ്പോള്‍
പിന്നിലുണ്ടദ്ദേഹം
നോക്കാതദ്ദേഹത്തിന്‍
നോട്ടം ഞാന്‍ കാണുന്നു
എന്നുടെ ഹൃദയത്തില്‍
അദ്ദേഹത്തിന്‍
വള്ളിച്ചെരിപ്പു മിടിക്കുന്നു
ആരുടെയാണീ കുന്തങ്ങള്‍?
എന്നുടെ പിന്‍കാലില്‍ തറയുന്നു
ഞാനുഴറീ നില്‍ക്കുന്നു
ഇടതോ വലതോ കാല്‍വെക്കണമറിയാതെ
കല്യാണപ്പന്തലിലേയ്ക്കൊരു വരനെപ്പോല്‍
വധുപോല്‍ മണിയറതന്‍
വാതില്‍പ്പാളിയടയ്ക്കാതെ
പിരിയന്‍ഗോവണി ശ്വാസം നിര്‍ത്തി
യൊതുങ്ങുന്നാരുടെ മുന്നില്‍?
ആരുടെ മൗനം നീറുന്നൂ ചുറ്റും?
ആരെന്നെല്ലുകള്‍ പൊടിയാക്കുന്നു?
തലപിളരും തീക്കാറ്റാരു പറത്തുന്നു?
കരളില്‍ വേരാരാഴ്ത്തുന്നു?
പാതാളത്തിലൊളിക്കിലും
ആരെന്‍ ഇമകള്‍ തുറപ്പിക്കുന്നു?
ആരുടെമുന്നില്‍ ഞാനില്ലാ
പിരിയന്‍ഗോവണിയിറങ്ങുമ്പോള്‍
മുന്നിലുണ്ടദ്ദേഹം
നോക്കീട്ടും നോക്കീട്ടും
കാണാനാവുന്നില്ല

നൗക

നൗക മുന്നോട്ടുപോകുന്നു
നദി പിന്നോട്ടൊഴുകുന്നു
നൗകയില്‍ കുറേ ആളുകളിരിക്കുന്നു
അവരൊക്കെ ചിരിക്കുകയോ
കരയുകയോ ചിന്തിക്കുകയോ ചെയ്യുന്നു
തുഴക്കാര്‍ മാറിമാറി പണിയെടുക്കുന്നു
ആളുകള്‍ സ്ഥലം മാറിയിരിക്കുന്നു
ആളുകള്‍തന്നെ മാറിയിരിക്കുന്നു
പ്രകൃതിമാതാവ്‌ സര്‍വ്വത്ര
കടാക്ഷിച്ചുനില്‍ക്കുന്നു

പെട്ടെന്നു നദിയില്‍
ഓളങ്ങളുയരുന്നു
നൗകയെ അതു ചാഞ്ചാട്ടുന്നു
മഴയും ഇടിമിന്നലും വ്യാപിക്കുന്നു
കാറ്റു ചൂളംകുത്തുന്നു
മുതലത്താന്മാര്‍ നൗകയെ
തട്ടിമറിക്കാന്‍ നോക്കുന്നു
നീന്താനറിയാത്തോരും
നീന്തലറിയുന്നോരും പേടിക്കുന്നു
നൗക ഇപ്പോള്‍ മറിയുമെന്നുതോന്നി

പക്ഷെ, ഒന്നും സംഭവിച്ചില്ല
കാറ്റു നിന്നു, മഴ നിന്നു
മിന്നലും നിന്നു, തിരകളടങ്ങി
മുതലകള്‍ അപ്രത്യക്ഷമായി

നൗക തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നു
എല്ലാം പഴയപടി !

പരാതി

ആരോടു പരാതി പറയാന്‍?
പറഞ്ഞിട്ടെന്തു കിട്ടാന്‍!
കേള്‍ക്കുന്നവരുടെകൂടി പരിഹാസം ഏറ്റുവാങ്ങാനോ?
-ഒരിക്കലുമില്ല
ഞാനെന്നോടുതന്നെ ശട്ടംകെട്ടി

മടങ്ങിവരുംവഴി
ആദ്യം കണ്ടവരോടു പറഞ്ഞു
ഞാനിനി പരിഹാസം കേള്‍ക്കാന്‍വേണ്ടി
ആരോടും പരാതി പറയുകയില്ലെന്ന്
-അയാള്‍ പരിഹസിച്ചോ എന്തോ!

മറവിയും ഓര്‍മ്മയും

ചിലതു മറക്കണം
ചിലതു മറക്കൊലാ
ചിലതു മരിച്ചാലും
മറക്കാന്‍ കഴിയില്ല
ചിലതാകട്ടെ ഓര്‍ത്താല്‍
ചത്തിടുമപ്പോള്‍ത്തന്നെ
ചിലതു മറന്നാലും
ഓര്‍ത്തുകൊണ്ടിരുന്നാലും
ഇല്ലൊരന്തരം തെല്ലും
നിത്യജീവിതംപോലെ

അലട്ട്‌

ഭാഷ എന്തായാലും
ശബ്ദം അലട്ടുതന്നെ
ശബ്ദം എന്തായാലും
കരച്ചില്‍ അലട്ടുതന്നെ
പ്രത്യേകിച്ച്‌ എനിക്ക്‌
പ്രത്യേകിച്ച്‌ ഇപ്പോള്‍
പ്രത്യേകിച്ച്‌ കുഞ്ഞിന്റെ
അതും എന്റെ.

ഒരുക്കം

ഇതുതന്നെ പറ്റിയ അവസരം
ഇതുപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍
പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല
എന്നിങ്ങനെ വിചാരിച്ചുറച്ച്‌
തിക്കുംപൊക്കും നോക്കി
പമ്മിപ്പമ്മി
അടുത്തുചെന്ന്‌
ഒരുങ്ങി
ഉന്നംനോക്കി
ഓങ്ങി
അവസരം കടന്നുപോകുന്നതും
നോക്കിനിന്നു !

ദാമ്പത്യം

നീ പറയുന്നതെല്ലാം ശരിതന്നെ
നീ പറയുന്നതു മാത്രം ശരി
നീയേ ശരി
നീ പോലെ ശരി വേറുണ്ടോ
ശരി, നമുക്കു വേര്‍പിരിയാം

അനുഭവം

അനുഭവങ്ങള്‍ തേടി നടക്കുകയാണു ഞാന്‍
ഒരനുഭവത്തെയും വെറുതെ വിട്ടുകൂടാ
! പുതുകവികള്‍ക്ക് അനുഭവമില്ലല്ലോ
കടല്‍ത്തീരത്തങ്ങനെയിരിക്കുമ്പോള്‍
ഒരനുഭവം നടന്നുപോവുന്നതു കണ്ടു
നല്ല ചന്തിയും മുലയുമുള്ള ഒരനുഭവം
ഞാന്‍ പിന്നാലെ കൂടി
പിന്നീടുണ്ടായ അനുഭവമൊന്നും പറയണ്ട !

ഉങ്ങ്

ഒരു മരക്കവിതയെഴുതണമെന്ന്
വളരെക്കാലമായി വിചാരിക്കുന്നു
തീരെ നേരം കിട്ടിയില്ല
   ഇപ്പോള്‍ എഴുതുകയാണ്
മുറ്റത്ത് കൂറ്റനൊരു ഉങ്ങുമരം നില്ക്കുന്നുണ്ട്
(ഇത്രനാളും ഞാനതു കണ്ടില്ലല്ലോ)
ഇടതൂര്‍ന്ന തണലില്‍
ഉങ്ങിന്‍പൂക്കള്‍ പരന്നുകിടക്കുന്നു
ഉങ്ങിന്‍ കായകളുമുണ്ട്
ഉങ്ങിന്റെ ഇലകള്‍
കാറ്റത്തു പറന്നു വീഴുന്നു
ഉങ്ങിന്റെ കൊമ്പില്‍
ഊഞ്ഞാലുകെട്ടി ആടാം
ഉങ്ങിന്റെ ഉച്ചിയില്‍
കിളികള്‍ കുറുകുന്നു
ഉങ്ങ് ഒരു സംസ്കാരമാണ്
ഉങ്ങിന്റെ തായ്ത്തടി
നല്ല വണ്ണമുള്ളതാണ്
മുറിച്ചുവിറ്റാല്‍ നല്ല വില കിട്ടും

മാറാട്‌

അല്‍പം വൈകിപ്പോയി
എങ്കിലും എഴുതാതിരിക്കാനാവില്ല
മാറാടിനെപ്പറ്റി

മാറാട്‌ ഒരനുഭവമാണ്‌
മറക്കാനാകാത്ത അനുഭവം
അതെന്നെ അതീവ വ്യസനിപ്പിക്കുന്നു
നിങ്ങളെയും വ്യസനിപ്പിക്കുന്നുണ്ടാവും അത്‌
കാരണം
നമ്മളൊക്കെ മനുഷ്യരാണ്‌ - ഒരേ ചോര.

വര്‍ഗ്ഗീയത എത്ര നിന്ദ്യം!
ഭീകരതയെപ്പറ്റി എനിക്ക്‌
ചിന്തിക്കാന്‍കൂടി വയ്യ
നമ്മുടെ ഈ കൊച്ചുകേരളം
വീണ്ടുമൊരു ഭ്രാന്താലയമാകാന്‍ പോകുകയാണോ- കഷ്ടം!
നാമതനുവദിക്കരുത്‌
ഇനി ഒട്ടുംതന്നെ അനുവദിക്കരുത്‌.

നാം കേരളീയര്‍
വിദ്യാസമ്പന്നരെന്നഭിമാനിക്കുന്നവര്‍
നമ്മുടെ സ്വത്വം -
എല്ലാം പൊയ്പ്പോയോ?
-എനിക്കു ചിന്തിക്കാന്‍ വയ്യ

എന്തായാലും
മാറാട്‌ മറക്കാന്‍വയ്യാത്ത അനുഭവമായി
മറക്കാന്‍ പാടില്ലാത്ത അനുഭവം.

മാറാട്‌ എവിടെയാണ്‌?
-ഞാന്‍ മറന്നുപോയി.